2024 നവംബർ 28-ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ത്രിദിന ഹഡിൽ ഗ്ലോബൽ സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2016 മുതൽ ശേഷം ഇതുവരെ 62,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിച്ച, 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ച 6,100-ലധികം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുന്ന കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ അനുഭവം മുഖ്യമന്ത്രി പങ്ക് വെച്ചു.

ഭക്ഷ്യ-കൃഷി, ബഹിരാകാശ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ഡിജിറ്റൽ മീഡിയയും വിനോദവും, ഹെൽത്ത് കെയർ & ലൈഫ് സയൻസസ് തുടങ്ങിയ അഞ്ച് സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എമർജിംഗ് ടെക് ഹബ് (ഇടിഎച്ച്) എന്ന കേരളത്തിൻ്റെ നൂതനസംരംഭവും ചടങ്ങിൽ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഗ്രീൻ എനർജി & മൈക്രോ ഗ്രിഡുകൾ, ഗ്രാഫീൻ, ഗ്രീൻ ഹൈഡ്രജൻ, സ്‌പേസ് ടെക്, എഡ്യുടെക്, ഹെൽത്ത്‌കെയർ ഇന്നൊവേഷൻസ്, ഡാറ്റ സയൻസ് & അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന സെഷനുകൾ പരിപാടിയിൽ നടന്നു. ഹഡിൽ ഗ്ലോബലിന്‍റെ ഈ ആറാം പതിപ്പ് 150-ലധികം നിക്ഷേപകരെയും 3,000 സ്റ്റാർട്ടപ്പുകളെയും അവയുമായി ബന്ധപ്പെട്ട 10,000 ത്തോളം പങ്കാളികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു.

നൂതന സംരംഭക ആവാസവ്യവസ്ഥയിലെ ടെക് സ്റ്റാർട്ടപ്പുകൾക്കും സർക്കാർ, നിക്ഷേപകർ, ഉപദേഷ്ടാക്കൾ, വ്യവസായം തുടങ്ങിയ മറ്റ് സുപ്രധാന പങ്കാളികൾക്കും വേണ്ടിയുള്ള ഇന്ത്യയിലെ എണ്ണപ്പെടുന്ന ഇവൻ്റുകളിൽ ഒന്നായി ഹഡിൽ ഇതിനകം ഉയർന്നുവന്നിട്ടുണ്ട്.