എക്സ്ഗ്രേഷ്യ സഹായം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ എക്സ്ഗ്രേഷ്യ സഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2015 ല്‍ നടന്ന തിരഞ്ഞെടുപ്പു മുതല്‍ മുന്‍കാല്യ പ്രാബല്യത്തോടെ ഇത് നല്‍കും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ സംഭവിക്കുന്ന സാധാരണ മരണം – 10 ലക്ഷം രൂപ

തീവ്രവാദി ആക്രമണം, ബോംബ് സ്ഫോടനം എന്നിവ മൂലമുള്ള മരണം – 20 ലക്ഷം രൂപ

കൈകാലുകള്‍ നഷ്ടപ്പെടുക, കാഴ്ച ശക്തി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള സ്ഥായിയായ അംഗവൈകല്യം – 5 ലക്ഷം രൂപ. (തീവ്രവാദി ആക്രമണം മൂലമോ മറ്റ് അപകടങ്ങള്‍ മൂലമോ ആണെങ്കില്‍ ഇരട്ടിത്തുക 10 ലക്ഷം രൂപ) എന്നിങ്ങനെയാണിത്.

കാലാവധി ദീര്‍ഘിപ്പിച്ചു

ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മീഷന്‍റെ കാലാവധി 2022 ജനുവരി 1 മുതല്‍ ആറുമാസത്തേയ്ക്ക് ദീര്‍ഘിപ്പിക്കുവാന്‍ തീരുമാനിച്ചു. പോലീസ് വകുപ്പിന്‍റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിയമിച്ച കമ്മീഷനാണിത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പാനലില്‍

1997 ബാച്ചിലെ ഐഎഎസ്. ഉദ്യോഗസ്ഥരായ ഡോ. ഷര്‍മിളാ മേരി ജോസഫ്, ടിങ്കു ബിസ്വാള്‍, രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, കെ.എസ്. ശ്രീനിവാസ് എന്നിവരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

തസ്തികകള്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സന്‍റെ ഓഫീസിന് അനുവദിച്ച 8 തസ്തികകള്‍ക്ക് മുന്‍കാല പ്രാബല്യം അനുവദിക്കാന്‍ തീരുമാനിച്ചു. 6 ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികകള്‍ സൃഷ്ടിക്കാനും
തീരുമാനിച്ചു.

ശമ്പള പരിഷ്കരണം

ഔഷധി ജനറല്‍ വര്‍ക്കര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 1.07.2018 പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു.