ജിഎസ്ടി വകുപ്പ് പുഃസംഘടനയ്ക്ക് അംഗീകാരം
ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സിമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ടാക്‌സ് റിസേര്‍ച്ച് ആന്റ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്റ് എജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക്ക് റിലേഷന്‍സ് സെല്‍, സെന്റട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും.

ജിഎസ്ടി വകുപ്പിന്റെ പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ തലത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍/സ്റ്റേറ്റ് ഓഫീസര്‍ തസ്തികയെ ഡെപ്യൂട്ടി കമ്മീഷണര്‍ കേഡറിലേക്ക് ഉയര്‍ത്തി 24 തസ്തികള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് കമ്മീഷണര്‍/ സ്റ്റേറ്റ് ടാകസ് ഓഫീസറുടെ നിലവിലെ അംഗബലം നിലനിര്‍ത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫീസര്‍ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യും.
അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയുടെ അംഗബലം 981 ല്‍ നിന്ന് 1362 ആക്കി ഉയര്‍ത്തും. ഇതിനായി 52 ഹെഡ് ക്ലാര്‍ക്ക് തസ്തികകളെയും 376 സീനിയര്‍ ക്ലര്‍ക്ക് തസ്തികകളെയും അപ്‌ഗ്രേഡ് ചെയ്യും.

കിഫ്ബിക്ക് കീഴില്‍ കിഫ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
കിഫ്ബിക്കു കീഴില്‍ കിഫ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കും.

ഇന്ത്യയിലും വിദേശത്തുമായി ഗതാഗതം, കെട്ടിടങ്ങളും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും, നഗരവികസനം, ഊര്‍ജ്ജവും വിഭവവും, തുറമുഖങ്ങളും തീരദേശവും തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും അനുബന്ധ സാങ്കേതികരംഗത്തും കമ്പനി കണ്‍സട്ടന്‍സി നല്‍കും. ഒരു കൂട്ടം കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയും സാങ്കേതികവിദ്യാ കൈമാറ്റവും കമ്പനിയുടെ ലക്ഷ്യമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള ആര്‍ക്കിടെക്ചറല്‍, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്, പ്ലംബിങ്ങ് മേഖലകളില്‍ എഞ്ചിനീയറിംഗ് ഡിസൈന്‍ സര്‍വീസ് നല്‍കും. പ്രോജക്ട് ഡവലപ്പ്‌മെന്റ് സര്‍വീസിനാവശ്യമായ പ്രാഥമിക സാധ്യതാ പഠനങ്ങള്‍, പരിസ്ഥിതി സാമൂഹികാഘാത പഠനം, ഡി.പി.ആര്‍ പിന്തുണാ സേവനങ്ങള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനുള്ള പഠനവും സര്‍വ്വേയും നടത്തും. ഒരു കോടി അംഗീകൃത മൂലധനമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും കിഫ്‌കോണ്‍. തുടക്കത്തില്‍ 100 ശതമാനം ഓഹരി കിഫ്ബിയുടെതായിരിക്കും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിന് വിധേയമായി പരമാവധി 51 ശതമാനം ഓഹരി റെപ്യൂട്ടഡ് കമ്പനികള്‍ക്ക് ഡിസ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ അനുവദിക്കും. അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ ഫങ്ഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കും.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ അഭിവാദ്യം സ്വീകരിക്കും
2022 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോര്‍ജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എന്‍ വാസവന്‍ (കോട്ടയം), റോഷി അഗസ്റ്റിന്‍ (ഇടുക്കി) പി. രാജീവ് (എറണാകുളം), കെ. രാധാകൃഷ്ണന്‍ (തൃശ്ശൂര്‍), കെ. കൃഷ്ണന്‍കുട്ടി (പാലക്കാട്), വി. അബ്ദുറഹ്മാന്‍ (മലപ്പുറം), അഡ്വ. പി.എ. മുഹമ്മദ് റിയാസ് (കോഴിക്കോട്), എ.കെ. ശശീന്ദ്രന്‍ (വയനാട്), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (കണ്ണൂര്‍), അഹമ്മദ് ദേവര്‍കോവില്‍ (കാസര്‍ഗോഡ്) എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച നടപടികള്‍ക്ക് അംഗീകാരം
സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ / പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം – വന്യജീവി വകുപ്പ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നടപടികള്‍ അംഗീകരിച്ചു.

പിണറായി വിദ്യാഭ്യാസ സമുച്ചയത്തിന് ഭരണാനുമതി
പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയം കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കി. 12.93 ഏക്കര്‍ സ്ഥലത്ത് ഐ.എച്ച്.ആര്‍.ഡി.യുടെ ഏകോപന ചുമതലയിലാണ് ഇത് നിര്‍മ്മിക്കുക. നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍)നെ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തും.

താൽ‍ക്കാലിക തസ്തിക
04.02.2022 ലെ ഉത്തരവ് പ്രകാരം ആരംഭിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ 28 താത്ക്കാലിക തസ്തിക സൃഷ്ടിക്കും.

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജി.ഐ.എസ്. വിദഗ്ധന്റെ തസ്തിക സൃഷ്ടിക്കും.

ആനുകൂല്യങ്ങള്‍
കേരള വനിതാ കമ്മീഷനിലെ 9 സ്ഥിരം ജീവനക്കാരുടെയും 5 കോ-ടെര്‍മിനസ് ജീവനക്കാരുടെയും ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും 01.07.2019 മുതല്‍ പ്രാബല്യത്തില്‍ പരിഷ്‌ക്കരിക്കുന്നതിന് അനുമതി നല്‍കും.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 01.07.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ ആനുകൂല്യങ്ങള്‍ അനുവദിക്കും.

ധനസഹായം
തൃശ്ശൂര്‍ ഗുരുവായൂര്‍ വില്ലേജില്‍ പാലയൂര്‍ കഴുത്താക്കല്‍ കെട്ടില്‍ മുങ്ങിമരിച്ച മനയപറമ്പില്‍ ഷനാദിന്റെ മകന്‍ വരുണ്‍, സുനിലിന്റെ മകന്‍ സൂര്യ, മുഹമ്മദിന്റെ മകന്‍ മുഹസിന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച തുകയ്ക്കു പുറമെ ഒരു ലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു.

വിമുക്തഭടന്മാ‍രുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കും
എസ്.എസ്.എല്‍.സി പാസ്സായത് അയോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിലെ നിയമനത്തിന് ആര്‍മി മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് (ഇന്ത്യന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷന്‍) അല്ലെങ്കില്‍ നാവിക / വ്യോമസേന നല്‍കുന്ന തദനുരൂപമായ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള വിമുക്ത ഭടന്മാര്‍ അര്‍ഹരാണെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

മുദ്രവില ഒഴിവാക്കും
ചിറ്റിലപ്പിള്ളി ഭവനപദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ 1,000 ഗുണഭോക്താക്കള്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് വേണ്ടിവരുന്ന മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും.

എ.എഫ്.ഡിയില്‍ നിന്ന് ധനസഹായം സ്വീകരിക്കും
റി-ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്റെ കീഴില്‍ പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്‌സ് രീതിയില്‍ നടപ്പാക്കുന്ന റസീലിയന്റ് കേരള ഡവലപ്പ്‌മെന്റ് പ്രോഗ്രാമിനായി കോഫിനാന്‍സ് വ്യവസ്ഥയില്‍ 100 ദശലക്ഷം യൂറോ സഹായം ഫ്രഞ്ച് ബാങ്കായ എ.എഫ്.ഡിയില്‍ നിന്നും സ്വീകരിക്കുന്നതിന് അംഗീകാരം നല്‍കും. ഇതിനുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതിന് ആര്‍.കെ.ഐ. ആഡീഷണല്‍ ചീഫ് സെക്രട്ടറി & സി.ഇ.ഒ.യെ ചുമതലപ്പെടുത്തും.