വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന് 4 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കും.
നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാന്‍ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 മൊബൈല്‍ പട്രോള്‍ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.
തുക അനുവദിക്കും
പുനര്‍ഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷണല്‍ ഓതറൈസേഷന്‍ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കും.
ശമ്പള പരിഷ്കരണം
കേരള ലളിതകലാ അക്കാദമിയുടെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്കരിച്ചു നല്‍കും.
അംഗീകൃത മൂലധനം ഉയര്‍ത്തും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയില്‍ നിന്നും 200 കോടിരൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.
കേരള സ്പെയ്സ്പാര്ക്കിനെ കെ- സ്പെയ്സ് എന്ന പേരില്‍ സൊസൈറ്റിയാക്കും
കേരള സ്പെയ്സ് പാര്‍ക്കിനെ കെ-സ്പെയ്സ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍ – കൊച്ചിന് ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന് ആക്ട് 1955 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുക.
നിര്‍ദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ശമ്പള സ്കെയിലില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും.
ഐ ടി പാര്‍ക്കുകള്‍/ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് / കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവിടങ്ങളില്‍ അധികമുള്ളതോ ദീര്‍ഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്പെയ്സ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് പരിഗണിക്കും.
ടെക്നോപാര്‍ക്കിന്റെ ഭൂമിയില്‍ നിന്ന് 18.56 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട സ്പെയ്സ് പാര്‍ക്ക് സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്പെയ്സ് പാര്‍ക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കും.