മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം. സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുക. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും.

സെപ്തംബര്‍ 26ന് കോഴിക്കോട്, 28ന് തൃശൂര്‍, ഒക്ടോബര്‍ 3 എറണാകുളം, 5ന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍.

ബോണസ്
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

അപ്ഗ്രേഡ് ചെയ്യും
പുറ്റിങ്ങള്‍ വെടിക്കെട്ട് അപകട കേസിന്‍റെ വിചാരണ കോടതിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച ജൂനിയര്‍ സൂപ്രണ്ട് തസ്തിക ശിരസ്താദാര്‍ തസ്തികയായി ഉയർത്തി.

ശമ്പള പരിഷ്ക്കരണം
സംസ്ഥാന ഔഷധസസ്യ ബോര്‍ഡിൽ 11-ാം ശമ്പള പരിഷ്ക്കരണം 1.7.2019 പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു.