സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കും

സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആർ) തിടുക്കപ്പെട്ടു നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തുടർന്ന് നടപടികൾ ആലോചിക്കാൻ നവംബർ 5ന് 4 മണിക്ക് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

പി.എം ശ്രീ

പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ നടത്താൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ ഏഴം​ഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. വ്യദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കെ രാജൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ, പി രാജീവ്, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, എന്നിവർ അംഗങ്ങളായിരിക്കും. സബ് കമ്മിറ്റി റിപ്പോർട്ട് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് പി എം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര സർക്കാരിനെ കത്ത് മുഖേന അറിയിക്കാനും തീരുമാനിച്ചു.

സ്ത്രീ സുരക്ഷാ പദ്ധതി

സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും. എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതമാണ് സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കുക.

കണക്ട് ടു വർക്ക് സ്കോളർഷിപ്പ്

പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും.

കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്

കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി) പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകും.

സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചു

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്കും പ്രതിമാസം നൽകിവരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 400 രൂപ കൂടി ഉയർത്തി 2,000 രൂപയായി വർദ്ധിപ്പിച്ചു. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.

സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്കുള്ള ഡി.എ/ ഡി.ആർ

സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡി.എ – ഡിആർ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു കൂടി അനുവദിച്ചു. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തില് വിതരണം ചെയ്യും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.

അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം

അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിച്ചു. 66,240 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.

സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) ഓണറേറിയം

സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.

ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം

ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.

പാചകത്തൊഴിലാളികളുടെ ഓണറേറിയം

പാചക തൊഴിലാളികളുടെ പ്രതിദിന കൂലി വർദ്ധിപ്പിച്ചു. ഇതിലൂടെ 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക.

പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം

പ്രീ പ്രൈമറി റ്റീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർദ്ധിപ്പിച്ചു.

ഗസ്റ്റ് ലക്ച്ചറർമാരുടെ വേതനം

ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർദ്ധിപ്പിച്ചു.

റബ്ബർ സബ്സിഡി

റബ്ബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻറെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തി.

അഗ്നിരക്ഷാ സേവന വകുപ്പിൽ വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കും

അഗ്നിരക്ഷാ സേവന വകുപ്പിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളിൽ 50 ശതമാനത്തിൽ പി എസ് സി വഴി നേരിട്ടും, 50 ശതമാനത്തിൽ ഇപ്പോൾ സർവ്വീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്തും.

മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക് ഒരാൾക്ക് വീട് ഉൾപ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയിൽ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും. 26,78,739 രൂപയുടെ ഇളവാണ് നൽകുക.

അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കുക. മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.

2026 വർഷത്തെ പൊതു അവധികൾ

2026 വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും.

തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

4.03.2026 (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.

ടെണ്ടർ അംഗീകരിച്ചു

ആലപ്പുഴ ജില്ലയിലെ മാമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് 24, 27, 41, 872 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

“Source Improvement and Water Conservation – Raising the road towards Podiakkala in connection with raising the water level of Peppara Dam Part II – Construction of approach road General Civil Work” എന്ന പ്രവർത്തിക്ക് 66 ,13, 658 രൂപയുടെ ടെണ്ടർ അനുവദിച്ചു.

കൊല്ലം ജില്ലയിൽ “GENERAL-Upgradation work-Providing BM &BC to Old NH Three bit road-in Chavara LAC” എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1, 32, 89, 809 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

ഭരണാനുമതി നൽകി

ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് 75 ലക്ഷം രൂപ വീതം വിലവരുന്ന 8 വാട്ടർ ടെണ്ടർ വാഹനങ്ങൾ വാങ്ങുന്നതിനു ഭരണാനുമതി നൽകി.

കാലാവധി ദീർഘിപ്പിച്ചു

മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. പി. സഹദേവന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.