സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ് യൂണിറ്റുകള്‍
കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, റൂറല്‍ പോലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഇതിന് മൂന്ന് ഡി.വൈഎസ്.പി തസ്തികകള്‍ സൃഷ്ടിക്കും. ആവശ്യമായ മറ്റു ജീവനക്കാരെ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.
ഭൂമി ഉപയോഗാനുമതി
കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടും ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുവാന്‍ നിലവിലെ നിയമത്തില്‍ ഇളവ് നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.
ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തും
കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച്) എന്ന് പുനര്‍നാമകരണം ചെയ്യും.
നിയമനം
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അനൂപ് അംബികയെ മൂന്നു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു.
ധനസഹായം
ഇടുക്കി ചെളമടയിലെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് കത്തിയമര്‍ന്ന് മരണപ്പെട്ട ബസ് ക്ലീനര്‍ രാജന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ അനുവദിക്കും.
ശമ്പള പരിഷ്‌ക്കരണം
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.