കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. ആലുവ താലൂക്കിൽ അയ്യമ്പുഴ വില്ലേജിലെ144.9759 ഹെക്ടർ (358 ഏക്കർ ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. സർക്കാർ ഗ്യാരന്റിക്ക് വിധേയമായി കിഫ്ബി സാമ്പത്തിക സഹായത്തോടെ ഭൂമിയുടെ നിലവിലെ മതിപ്പുവിലയായി 840 കോടി രൂപ കണക്കാക്കി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി പുറപ്പെടുവിപ്പിക്കും.
സുൽത്താൻ ബത്തേരി മൂലങ്കാവിൽ താമസിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ഭൂരഹിതനായ ഒളിമ്പ്യൻ ടി ഗോപിക്ക് ഭവന നിർമ്മാണത്തിന് സുൽത്താൻ ബത്തേരി വില്ലേജിൽ ഫെയർലാന്റ് എന്ന സ്ഥലത്ത് 10 സെന്റ് ഭൂമി സൗജന്യമായി അനുവദിക്കും. അദ്ദേഹത്തിന്റെ യോഗ്യതയും പ്രകടനങ്ങളും പരിഗണിച്ചാണിത്.
കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ജീവനക്കാർക്ക് പത്താം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമുള്ള ശമ്പള പരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു. ഡയറക്ടർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ), ചീഫ് അനലിസ്റ്റ് / മൈക്രോ ബയോളജിസ്റ്റ് , ബയോ ടെക്നൊളജിസ്റ്റ് , ലാബ് ടെക്‌നീഷ്യൻ എന്നീ തസ്തികയിലുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.