മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ ഭൂമി കൈമാറും
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമി സേവനവകുപ്പുകൾ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.
പുതുക്കിയ ഭരണാനുമതി
കൊച്ചി മെട്രോ റെയില്‍ പദ്ധതി പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കും. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉള്‍പ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നല്‍കുക.
വടക്കഞ്ചേരി-തൃശ്ശൂര്‍ സെക്ഷന്‍ ദേശീയ പാത വികസനം മുലം (കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്ക് പകരം കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടി വില്ലേജില്‍ 1.4318 ഹെക്ടര്‍ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.