കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഐ. റ്റി. ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡും ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും തമ്മില്‍ ഏര്‍പ്പെട്ട കരാറിലെ ‘പെയ്‌മെന്റ് മൈല്‍സ്റ്റോണ്‍സ്’ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഓരോ ‘പോയിന്റ് ഓഫ് പ്രസന്‍സി’നും ആവശ്യമായ ബില്‍ തുകയുടെ 70% വരെ നല്‍കുന്നതിനും ബാക്കിവരുന്ന 30% തുക ജില്ലയിലെ പദ്ധതിയുടെ റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ പ്രകാരമുള്ള മുഴുവന്‍ മൈല്‍സ്റ്റോണ്‍സും പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതിയുടെ കരാര്‍ പ്രകാരമുള്ള പെയ്‌മെന്റ് മൈല്‍സ്റ്റോണ്‍സില്‍ ഭേദഗതി വരുത്തും.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍, സ്വയംഭരണ / സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലെയും മാനേജിംഗ് ഡയറക്ടര്‍/സെക്രട്ടറി/ഡയറക്ടര്‍/ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ ഉയര്‍ന്ന പ്രായപരിധി 65 വയസ്സായി പുതുക്കി നിശ്ചയിക്കുവാന്‍ തീരുമാനിച്ചു. സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളില്‍ നിയമത്തിലോ ചട്ടങ്ങളിലോ ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകള്‍ ഉണ്ടെങ്കില്‍ അതാത് സ്റ്റാറ്റ്യൂട്ടറി അഥവാ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന പ്രകാരമായിരിക്കും ഉയര്‍ന്ന പ്രായപരിധി. ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തും.
ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ പാണാവള്ളി സ്വദേശി ചന്ദ്രന്റെ മകള്‍ കുമാരി അനഘ, ബാബുവിന്റെ മകള്‍ കുമാരി ചന്ദന, സാബുവിന്റെ മകള്‍ സാഹി, അനിരുദ്ധന്റെ മകള്‍ അര്‍ച്ചന എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം പാങ്ങാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഒരു അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ നിയമനം നടത്തും.