ശബരി പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ (lapsed) നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ (De Novo) തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.

07.01.2021-ലെ സർക്കാർ (G.O(Ms) No. 1/2021/Trans) പ്രകാരം, പദ്ധതി ചെലവിൻ്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവിൽ 3,800.9 കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിൻ്റെ പകുതി വിഹിതമാണ് സംസ്ഥാന സർക്കാർ വഹിക്കുക.

ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2439.93 കോടി രൂപയും ചിലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്.

പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5580 കോടി രൂപ കിഫ്ബി വഴി സർക്കാർ അനുവദിച്ചിരുന്നു.

അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കാൻ ഭൂമി

തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ 8 സെന്റ് ഭൂമി അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് കൈമാറും.

നിർമ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ് പി വിയായി ഹാന്റിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയും Project Management Consultancy-യായി KIIFCON-നെയും നിയോഗിക്കും.

ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി

കെ- സ്പെയ്‌സിന്റെ നിർദ്ദിഷ്ട സംരംഭമായ എയ്റോസ്പെയിസ് കൺട്രോൾ സിസ്റ്റം സെന്റർ സ്ഥാപിക്കുന്നതിനായി കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ നിന്നും അനുവദിച്ച 600 കോടി രൂപ ചെലവഴിച്ച് വേളി/തുമ്പയിൽ വിഎസ്എസി ക്യാമ്പസിനോട് ചേർന്നുള്ള 60 ഏക്കർ ഭൂമി 2013-ലെ RFCTLARR Act പ്രകാരം ഏറ്റെടുക്കുന്നതിന് അനുമതി നൽകി

പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് കെസ്പെയ്‌സിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി നിയോഗിച്ചും, കെസ്പെയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ റിക്വിസിഷനിംഗ് അതോറിറ്റിയായി അധികാരപ്പെടുത്തിയും ഉത്തരവ്
പുറപ്പെടുവിക്കും.

തസ്തിക

ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് 25 തസ്തികകൾ സൃഷ്ടിക്കും. 21 റെഗുലർ തസ്തികകളും 4 കോൺട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക.

ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ 10 ഡ്രഗ്സ് ഇൻസ്‌പെക്ടർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കും.

കണ്ണൂർ തായിനേരി എസ്എബിടിഎം ഹയർ സെക്കന്ററി സ്‌കൂളിലെ എച് എസ് എസ് റ്റി (ജൂനിയർ) അറബിക് തസ്തിക എച് എസ് എസ് റ്റി തസ്തികയാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി.

കോട്ടയം അയർക്കുന്നം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച് എസ് എസ് റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച് എസ് എസ് റ്റി ഇംഗ്ലീഷ് തസ്തികയായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി.

അനുമതി നൽകി

മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്കുള്ള രണ്ടാംഘട്ട നിക്ഷിപ്ത വനഭൂമി ചാലിയാർ ഗ്രാമപഞ്ചായത്തിലെ കണ്ണൻകണ്ട് ബീറ്റിലും ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടിരി ബീറ്റിലും വിതരണത്തിനായി തയ്യാറാക്കിയ 50 സെനറ്റ് വീതമുള്ള പ്ലോട്ടുകൾ ഉത്തരവിലെ വ്യവസ്ഥകൾക്കനുസൃതമായി വിതരണം ചെയ്യുന്നതിന് മലപ്പുറം ജില്ലാ കളക്ടർക്ക് അനുമതി നൽകി.

ഭൂപരിധിയിൽ ഇളവ്

എറണാകുളം കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ പെട്ട 34.7739 ഏക്കർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള 19.7739 ഏക്കർ ഭൂമിക്ക് ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധിയിൽ ഇളവ് അനുവദിക്കും.

എംപാനൽമെന്റിന് അംഗീകാരം നൽകി

ഇ-ഗവർണൻസ് സംരംഭങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് മനുഷ്യ വിഭവശേഷി ലഭ്യമാക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് രൂപീകരിച്ച പദ്ധതിക്ക് അംഗീകാരം നൽകി. എംപാനൽ ചെയ്യുന്നതിനുള്ള ആർ. എഫ്. പി നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഐടി മിഷനെ ചുമതലപ്പെടുത്തി.

ശമ്പളപരിഷ്കരണം

കേരള സംസ്ഥാന ഐടി മിഷനിലെ 12 കരാർ തസ്തികകളുടെ ശമ്പള പരിഷ്കരണവും ഒരു തസ്തികയുടെ പുനർനാമകരണവും നടപ്പാക്കാൻ തീരുമാനിച്ചു.

വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പിലാക്കും.