ലഘു വിവരണം

പതിനഞ്ചാം കേരളാ നിയമസഭയിലേക്ക് 2021 ഏപ്രിൽ 6-ന് നടന്ന തെരെഞ്ഞെടുപ്പില് കണ്ണൂർ ജില്ലയിലെ ധര്മ്മടം മണ്ഡലത്തില് നിന്നും 50,123 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശ്രീ. പിണറായി വിജയന് തെരെഞ്ഞെടുക്കപ്പെട്ടത്.

2018-19-ലെ പ്രളയങ്ങൾ, നിപ്പാ പകർച്ച വ്യാധി, കോവിഡ് മഹാമാരി തുടങ്ങി നിരവധി പ്രതിസന്ധികളുടെ ഘട്ടങ്ങളിൽ അടിപതറാത്ത നേതൃത്വം കാഴ്ചവച്ച പിണറായി വിജയൻ കഴിഞ്ഞ ഭരണകാലയളവിൽ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ജനങ്ങളുടെ പ്രശംസ നേടി. ഈ പ്രതിസന്ധികൾക്കിടയിലും വികസന രംഗത്തു നേട്ടങ്ങളുണ്ടാക്കാനും ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനും കഴിഞ്ഞത് അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രിപദത്തിൻ്റെ മാറ്റു വർദ്ധിപ്പിച്ചു.

ഇതിനു മുൻപ്, 1996 മുതല് 1998 വരെ ഈ.കെ. നായനാര് നേതൃത്വം നല്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരില് ഊര്ജ–സഹകരണ വകുപ്പുകള് കൈകാര്യം ചെയ്തിരുന്നു. പിണറായി വിജയൻ വൈദ്യുതി വകുപ്പ് മന്ത്രി ആയിരുന്ന കാലയളവില് സംസ്ഥാനത്തെ വൈദ്യുതോൽപാദനശേഷിയില് റെക്കോഡ് വളര്ച്ചയാണുണ്ടായത്.

കമ്മ്യൂണിസ്റ്റ് പാര്ടി ഓഫ് ഇന്ത്യ (മാര്ക്സിസ്റ്റ്)-ന്റെ പോളിറ്റ്ബ്യൂറോ അംഗമാണ് പിണറായി വിജയൻ. 1998 മുതല് 2015 വരെ സിപിഐ(എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കണ്ണൂര് ജില്ലയിലെ പിണറായിയില് 1945 മെയ് 24നാണ് കോരൻ്റേയും കല്യാണിയുടേയും മകനായി വിജയന് ജനിച്ചത്. സ്കൂള് വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം തലശ്ശേരിയിലെ ഗവണ്മെൻ്റ് ബ്രണ്ണന് കോളേജില് പ്രീയൂണിവേഴ്സിറ്റി പഠനത്തിനായി ചേര്ന്നു. അതേ കോളേജില് നിന്ന് തന്നെ ബിരുദപഠനം പൂര്ത്തീകരിക്കുകയും ചെയ്തു.

ബ്രണ്ണന് കോളേജിലെ പഠനകാലത്തിനിടയ്ക്കാണ് വിദ്യാര്ത്ഥി യൂണിയന് പ്രവര്ത്തനങ്ങളിലൂടെ പിണറായി വിജയന് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1964ല് സിപിഐ(എം)-ല് ചേര്ന്നു. അടിയന്തരാവസ്ഥക്കാലത്ത് (1975-77) പിണറായി വിജയനെ പോലീസ് അറസ്റ്റ് ചെയ്യുകയും നിഷ്ഠുരമായ മര്ദ്ദനത്തിനിരയാക്കുകയും ചെയ്തു.

കൂത്തുപറമ്പ് നിയോജകമണ്ഡലത്തില് നിന്നും 1970, 1977, 1991 വര്ഷങ്ങളിലും പയ്യന്നൂര് നിയോജകമണ്ഡലത്തില് നിന്ന് 1996ലും ധർമ്മടം മണ്ഡലത്തിൽ നിന്ന് 2016ലും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കമലയാണ് പിണറായി വിജയൻ്റെ ജീവിതപങ്കാളി. രണ്ട് കുട്ടികളുണ്ട്, വീണയും വിമലും.